Saturday, August 5, 2017

സാമം ദാനം ഭേദം ദണ്ഡം എന്ന നാലുമുനയുള്ള നയതന്ത്രം

        
സാമം ദാനം ഭേദം ദണ്ഡം എന്ന നാലുമുനയുള്ള നയതന്ത്രം 

   സാമം ദാനം ഭേദം ദണ്ഡം എന്ന നാലുമുനയുള്ള നയതന്ത്രം ചാണക്യ
സൂത്രവാക്യമാക്കിയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

        2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മുന്നോട്ടു പോകുന്ന
മോദിയുടെയും അമിത്ഷായുടെയും ബഹുമുഖതന്ത്രങ്ങളുടെ ആണിക്കല്ലാണ് സാമം ദാനം ഭേദം ദണ്ഡം എന്ന നാലുമുനയുള്ള നയതന്ത്രം. മണിപ്പൂരിലും ഗോവയിലും
ദാനമായിരുന്ന പ്രധാന നയതന്ത്രം. ബീഹാറില്‍ നിതീഷ് എതിര്‍പക്ഷത്ത് നിന്നപ്പോഴും സാമം എന്നതായിരുന്നു രീതി. നിതീഷ് പ്രധാന എതിരാളിയായി മാറുമെന്ന് കണ്ടപ്പോഴും ഭേദം ലാലുവിനെതിരെയായിരുന്നു. ഒടുവില്‍
ദാനത്തിലൂടെ നിതീഷെന്ന ഏകഎതിരാളിയെ സ്വന്തം പാളയത്തിലെത്തിച്ചു.

        ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു എന്‍ ഡി.എയ്‌ക്കൊപ്പാണ്. തെലങ്കാനയിലും
ഒറീസയിലും സാമം ദാനം. അതിന്റെ ഫലം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. തമിഴ്‌നാട്ടില്‍ ജയലളിതയുടെ മരണത്തോടെ സാമം ദാനം ഭേദം. ശശികലയോടും ദിനകരനോടും ഭേദം. എടപ്പാടി പളനിസ്വാമിയോടും,
പനീര്‍ശെല്‍വത്തോടും സാമം ദാനം. എന്തായാലും എ.ഐ.എഡി.എം.കെയുടെ
കക്ഷണങ്ങളുടെയെല്ലാം പിന്തുണ മോദിയ്ക്ക് തന്നെ. എന്‍ഫോഴ്‌സ്‌മെന്റിന്റെ ശക്തി ശശികലയുടെ ജയില്‍വാസത്തോടെ തമിഴ്‌നാട്ടിലെ
രാഷ്ട്രീയക്കാര്‍ക്കെല്ലാം ബോധ്യപ്പെട്ടതാണ്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ നടന്ന റെയ്ഡിന്റെ
അര്‍ത്ഥം എ.ഐ.ഡി.എം.കെയ്ക്ക് മനസ്സിലായെന്ന് പിന്നീടുള്ള അവരുടെ നീക്കങ്ങള്‍ തെളിയിക്കുന്നു. പ്രാദേശിക കക്ഷികള്‍ക്ക് സ്വാധീനമുള്ളിടത്തെല്ലാം കാര്യങ്ങള്‍ സാമം ദാനം എന്ന നിലയില്‍ ഉറപ്പാക്കി.

        രാജ്യസഭാ തിരഞ്ഞെടുപ്പ് മോദിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. അതിനാല്‍
തന്നെയാണ് സ്വന്തം തട്ടകമായ ഗുജറാത്തിലെ മുഴുവന്‍ സീറ്റും സ്വന്തമാക്കാന്‍ തീരുമാനിച്ചത്. ശങ്കര്‍സിങ്ങ് വഗേലയും മുന്‍ചീഫ് വിപ്പും
കോണ്‍ഗ്രസ് വിട്ടപ്പോള്‍ പാലിന്‍വെള്ളത്തില്‍ പണികിട്ടയത് കോണ്‍ഗ്രസ് അറിഞ്ഞില്ല. പിന്നീട് ദാനത്തില്‍ എം.എല്‍.എമാര്‍ വീണപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസിന് ഗൗരവം പിടികിട്ടിയത്. ആകെ ഭരണവും പണവും സ്വാധീനവുമെല്ലാം
ശേഷിക്കുന്ന കര്‍ണ്ണാടകയിലേയ്ക്ക് മാറ്റി ബാക്കിയുള്ള എം.എല്‍.എമാരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായി. രോഗി ഇച്ഛിച്ചതും പാല് വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്ന നിലയിലാണ് മോദി സര്‍ക്കാര്‍ ഈ അവസരത്തെ
ഉപയോഗിച്ചത്. ഗുജറാത്തിലും കര്‍ണ്ണാടകത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ മോദിയുടെ നിലവിലെ നീക്കങ്ങള്‍ക്ക്
ദീര്‍ഘദര്‍ശനമുണ്ടെന്നത് സുനിശ്ചയമാണ്. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്
എം.എല്‍.എയുടെ വീട്ടില്‍ നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് ഭേദമെന്ന
നയതന്ത്രമുറയാണ്. മറ്റു പലസംസ്ഥാനങ്ങളിലും ഭരണത്തിന്റെ തണലില്‍ കോടികള്‍
വാരിക്കൂട്ടിയിരിക്കുന്ന പ്രാദേശിക കക്ഷികള്‍ക്കും മറ്റുമുള്ള താക്കീതാണിത്. ഏതുനിമിഷവും നിലവറകള്‍ തുറക്കപ്പെട്ടേക്കാം എന്നൊരു ഭീതി
എല്ലാവരിലും സൃഷ്ടിക്കാന്‍ കര്‍ണ്ണാടകയിലെ നീക്കം ധാരാളമാണ്.ബീഹാറില്‍ 
ലാലുവിനെതിരെയും കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് മന്ത്രിക്കെതിരെയുമുള്ള
നീക്കത്തെ അഴിമതി വിരുദ്ധനീക്കമാക്കി ചിത്രീകരിച്ച കഴിഞ്ഞ യു.പി.എ
സര്‍ക്കാറിന്റെ അഴിമതി കാലത്തെ വീണ്ടും ചര്‍ച്ചയാക്കാനും മോദിയ്ക്ക്
സാധിച്ചിട്ടുണ്ട്.

        കേരളത്തിലേയ്ക്ക് വരുമ്പോള്‍ സാമവും ദാനവും ഭേദവും  മാറ്റി
നിര്‍ത്തി ദണ്ഡമാണ് പ്രയോഗിക്കുന്നത്.  സി.പി.എമ്മിനെ കുരുക്കാന്‍ സാമവും
ദാനവും ഭേദവും മതിയാകില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ദണ്ഡെമെന്ന അവസാന അടവ് പുറത്തെടുത്തിരിക്കുന്നത്. സാമ്പത്തിക താല്‍പ്പര്യമുള്ള  പ്രാദേശിക
സ്വഭാവമുള്ള കക്ഷികളെല്ലാം ഇതിനകം കാര്യങ്ങളെല്ലാം മനസ്സിലാക്കിയിട്ടുണ്ട്. അവര്‍ക്ക് മുന്നില്‍ സാമത്തിന്റെയും
ദാനത്തിന്റെയും വഴികള്‍ തുറന്നിട്ടിട്ടുണ്ട്. ബി.ഡി.ജെ.എസും സി.കെ.ജാനുവുമെല്ലാം പോയവഴി മാണിക്കും മറ്റും മുന്നിലും തുറന്നു
കിടക്കുകയാണ്. വഴങ്ങാത്തവര്‍ക്ക് മുന്നില്‍ ഭേദവുമെല്ലാമായി എന്‍ഫോഴ്‌സ്‌മെന്റെല്ലാം ഇതിനകം വിവരങ്ങളെല്ലാം ശേഖരിച്ച്
ഒരുങ്ങിയിരിക്കുന്നുണ്ടാകും.

      ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഡല്‍ഹിക്ക് വണ്ടി കയറിയ കുഞ്ഞാലിക്കുട്ടിയും അബ്ദുള്‍ വഹാബും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തില്ല. വിമാനം മന:പൂര്‍വ്വം വൈകിച്ചെന്നാണ് ജനാബിന്റെ പ്രതികരണം. വിദേശത്ത് വ്യവസായ താൽപ്പര്യങ്ങളൊന്നും ഇല്ലാത്ത ഇ.ടി മുഹമ്മദ് ബഷീർ കൃത്യസമയത്തെത്തി വോട്ടു രേഖപ്പെടുത്തിയതിൽ ആശ്വസിക്കാം. എന്‍ഫോഴ്‌സ്‌മെന്റ് കര്‍ണ്ണാടകവരെ എത്തിയപ്പോള്‍ ആരെങ്കിലുമെല്ലാം
പേടിച്ചിട്ടുണ്ടോ? ഏയ് അങ്ങനെയൊന്നുമായിരിക്കില്ല അല്ലേ...

ദിപിൻ മാനന്തവാടി

1 comment:

  1. ദണ്ഡം ഇപ്പൊൾ അവർ കേരളത്തിൽ പ്രയോഗിക്കുന്നു... ഇൗ ദുരിത വേളയിൽ

    ReplyDelete