ആന്റണി ചുമരെഴുത്ത് വായിക്കാന്‍ പറ്റുന്ന കണ്ണട വയ്ക്കണം
കാര്യക്കാരന്‍ കളവുതുടര്‍ന്നാല്‍
കരമേലുള്ളവര്‍ കട്ടുമുടിക്കും
എന്ന കുഞ്ചന്‍ നമ്പ്യാരുടെ വരികളാണ് കേരളത്തിലെ അഴിമതിയെക്കുറിച്ച് പ്രതികരിച്ച ആന്റണിയെ ഓര്‍മ്മിപ്പിക്കുവാനുള്ളത്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ വീട്ടില്‍ നിന്നറങ്ങുമ്പോള്‍ പോക്കറ്റില്‍ രാജിക്കത്തും എഴുതിയിട്ട് ഇറങ്ങുന്ന ആദര്‍ശധീരനായിട്ടാണ് ആന്റണിയെ പലരും വിശേഷിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാറിന്റെ കാലത്തു മാത്രമാണ് ആന്റണി പോക്കറ്റിലെ രാജിക്കത്ത്് പുറത്തെടുക്കാതെ പിടിച്ച് നിന്നത്. കല്‍ക്കരി അഴിമതിയിലും സ്‌പെക്ട്രം അഴിമതിയിലും മന്‍മോഹന്‍ സിങ്ങിന്റെ രഹസ്യസേവ അന്തരീക്ഷത്തില്‍ പ്രതിഫലിച്ചിരുന്ന കാലത്ത് പ്രതിരോധ വകുപ്പിലെ ചില്ലറ ആരോപണങ്ങളുടെ പേരില്‍ രാജിവയ്്‌ക്കേണ്ടതില്ലെന്ന് ആന്റണിയ്ക്ക് തോന്നിയിരിക്കാം. രാജ്യസഭയുടെ സുരക്ഷിത കവചമുണ്ടായിരുന്നതിനാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെയുണ്ടായ ജനങ്ങളുടെ പ്രതിഷേധ സുനാമിയില്‍ പെട്ടുപോകാതെ പിടിച്ചു നില്‍ക്കാന്‍ ആന്റണിയ്ക്കും, മന്‍മോഹനും സാധിച്ചു. ചക്കരക്കുടത്തില്‍ നിന്നും പുറത്ത് ചാടിയ അഴിമതിയുടെ ദുര്‍ഭൂതങ്ങളാണ് കഴിഞ്ഞ യു.പി.എ സര്‍ക്കാറിനെ നക്കി തുടച്ചതെന്ന് ആന്റണി അടക്കമുള്ള തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം ബോധ്യപ്പെട്ടതാണ്.
യു.പി.എ സര്‍ക്കാറിന്റെ അഴിമതിയെ വെല്ലുന്ന അഴിമതി കഥകളായിരുന്നു കേരളത്തിലെ യു.ഡി.എഫ് ഭരണസംവിധാനത്തില്‍ നിന്നും ഉയര്‍ന്നു വന്നത്. സോളാര്‍, ബാര്‍, സിവില്‍ സപ്ലൈസ്, പൊതുമരാമത്ത് തുടങ്ങിയ പേരുകളില്‍ മുഖ്യമന്ത്രിയുടെയും ഘടകകക്ഷി മന്ത്രിമാരുടെയും ഓഫീസകള്‍ അഴിമതിയുടെ കൂത്തരങ്ങാണെന്നതിന് തെളിവുകള്‍ ദിനം പ്രതി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് കോണ്‍ഗ്രസ് മന്ത്രിമാരെയും എം.എല്‍.എമാരെയും എം.പിമാരെയും എന്തിനേറെ മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ വട്ടം ചുറ്റിച്ച സോളാര്‍ വിവാദമുണ്ടാക്കുന്നത്. അന്നേ ഉമ്മന്‍ ചാണ്ടിയുടെ ചെവിയ്ക്ക് പിടിക്കാന്‍ ആന്റണി തയ്യാറാകേണ്ടതായിരുന്നു.
ശകുനം കൊള്ളാം എന്നുനിനച്ച്
പുലരെ കട്ടുകവര്‍ന്നാലുടനെ
തലപോമെന്നതു ബോധിച്ചാലും
എന്നെങ്കിലും ആന്റണി ഉമ്മന്‍ ചാണ്ടിയെ ഉപദേശിക്കേണ്ടതായിരുന്നു. പോട്ടെ അക്കാലത്തൊന്നും ജനത്തിന് വിവരമുണ്ടെന്ന സത്യം മനസ്സിലാക്കിയിരുന്നില്ലെന്ന് വയ്ക്കം. പക്ഷെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതൃസ്ഥാനംകിട്ടാന്‍ ആവശ്യമുള്ള ആളുകളെയെങ്കിലും ലോക്‌സഭയിലെത്തിക്കാന്‍ സാധിക്കാതെ വന്നപ്പോഴെങ്കിലും ജനം ബോധമുള്ളവരാണെന്ന് തിരിച്ചറിയേണ്ടതായിരുന്നില്ലെ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം അഴിമതിയുടെ ചാകരയാണ് കേരളത്തില്‍ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. അഴിമതിയുടെ ബ്രാന്‍ഡ്് അംബാസിഡര്‍മാരാണ് ഭരണ നേതൃത്വത്തിലെ പ്രമുഖരെന്ന് ജനങ്ങള്‍ക്ക് ബോധ്യം വന്നു കഴിഞ്ഞു. പക്ഷെ അപ്പോഴും ഉമ്മന്‍ ചാണ്ടി മാണിയെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ്. യു.ഡി.എഫിന്റെ മധ്യമേഖലാ ജാഥ, മദ്യമേഖല ജാഥയാക്കാന്‍ ഉമ്മന്‍ ചാണ്ടി കാണിച്ച വ്യഗ്രത കോണ്‍ഗ്രസിന്റെ മുഖമാണ് വികൃതമാക്കിയതെന്ന് ആന്റണിയ്ക്ക് തിരിച്ചറിയാന്‍ സാാധിക്കാത്തതെന്താണ്. സര്‍ക്കാറിനെതിരെ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണങ്ങളിലെല്ലാം ഏതെങ്കിലും രീതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നതും ആന്റണി ഡല്‍ഹിയിലായതിനാല്‍ അറിയാതെ പോയിരിക്കുമോ.
മൂക്ക് ചീഞ്ഞളിഞ്ഞ് പുഴുവരിച്ചപ്പോഴെങ്കിലും ദുര്‍ഗന്ധം തിരിച്ചറിഞ്ഞത് നന്നായി. എന്തായാലും കേരളം അഴിമതിയുടെ കൂത്തരങ്ങാണെന്ന് പറയാനുള്ള ആര്‍ജ്ജവം ആന്റണി കാണിച്ചല്ലോ? കാരണവര്‍ അടുപ്പിന്റെ മുകളില്‍ ഇരിക്കാന്‍ കാത്തിരിക്കുകയായിരുന്നു ചിലര്‍. സംസ്ഥാന സര്‍ക്കാര്‍ അഴിമതിയുടെ കരിനിഴലിലാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ്് പരസ്യമായി പറഞ്ഞു. രമേശ് ചെന്നിത്തലയും വി.എം.സുധീരനും ആന്റണി പറഞ്ഞത് ശരിവച്ചു. എന്നിട്ടും കെ.സി.ജോാസഫും, കൊടിക്കുന്നേല്‍ സുരേഷുമെല്ലാം പറയുന്നത് കേരളത്തില്‍ അഴിമതിയെന്ന വാക്കുപോലും കാണാനില്ലെന്നാണ്. ഉമ്മന്‍ ചാണ്ടി ആന്റണിയുടെ പ്രസ്താവനയോട് കുറുക്കന്റെ കൗശലത്തോടെയാണ് പ്രതികരിച്ചത്. അഴിമതിക്കാര്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ടാലും അത്തരക്കാര്‍ക്ക് ജനങ്ങളുടെ വിശ്വാസം നേടാനാവില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന. അത് കോണ്‍ഗ്രസുകാാര്‍ക്കുള്ള മറുപടി കൂടിയായിരുന്നു. മാണിയെ ഈ കേസില്‍ നിന്നെല്ലാം ഊരിക്കൊടുത്താലും പേടിക്കേണ്ട അടുത്ത തിരഞ്ഞെടുപ്പില്‍ മാണി തോല്‍ക്കും അതുപോരെയെന്നാണ് ഉമ്മന്‍ ചാണ്ടി തന്റെ വിമര്‍ശകരോട് ചോദിച്ചിരിക്കുന്നത്. മാണിയില്ലാത്ത കേരള കോണ്‍ഗ്രസിന്റെ തല പോയി വാലു മാത്രമാകും, അങ്ങനെ വന്നാല്‍ മധ്യതിരുവിതാംകൂറില്‍ കോണ്‍ഗ്രസിന്് നേട്ടം മാത്രമല്ലെയുള്ളുവെന്ന് ഉമ്മന്‍ ചാണ്ടി ശിഷ്യര്‍ കോണ്‍ഗ്രസിന്റെ ഉപശാലകളില്‍ നാളെകളില്‍ പറഞ്ഞു തുടങ്ങും. അതോടെ ഐ ഗ്രൂപ്പിന്റെ സംശയത്തിനും മറുപടിയാകും. കരുണാകരന് ലഭിക്കാത്ത പരിഗണ കെ.എം.മാണിയ്ക്ക് നല്‍കുന്നതെന്തിനാണെന്ന ഉത്തരം കിട്ടാത്ത ചോദ്യം കൂടി പൂരിപ്പിക്കപ്പെടും.
ജനപ്രിയ നയങ്ങളുമായി ഒറ്റക്കെട്ടായി മുന്നോട്ടു പോയാല്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് ആന്റണി പറയുന്നത്. ജനങ്ങളെ ഇത്രയേറെ വെറുപ്പിച്ച് പൊറുതിമുട്ടിച്ചിട്ട് ഇനി നാലുനേരം പാാല്‍പ്പായസം നല്‍കിയാലും അവരുടെ മനസ്സിലെ കയ്പ്പ് ഇല്ലാതാകുമോ? രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് മുന്നോടിയാായി കേരളത്തിലെത്തി രണ്ടു വഞ്ചിയിലും കാല് വച്ചെന്നും വച്ചില്ലെന്നും ഭാവിച്ച് ആന്റണി എന്തിനുള്ള പുറപ്പാടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആന്റണിയുടെ ഖദറില്‍ മുക്കിയിരിക്കുന്ന ആദര്‍ശത്തിന്റെ വെണ്‍മ വച്ച് കെ.എം.മാണിയേയും കെ.ബാബുവിനെയും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം എന്നായിരുന്നു ആന്റണി പറയേണ്ടിയിരുന്നു. പ്രിയപ്പെട്ട ആന്റണി ഇനിയും ഉമ്മന്‍ ചാണ്ടിയെ വളരെ ലാഘവത്തോടെ ഉപദേശിക്കരുത്. കാരണം
കര്‍മ്മദോഷത്താല്‍ വരുന്ന രോഗങ്ങള്‍ക്ക്
ചെമ്മെ കഷായം കുടിച്ചാല്‍ ഫലിക്കുമോ?
ദിപിന്‍ മാനന്തവാടി